Tuesday, July 14, 2015

തുണി


..........
അലക്കുകല്ലിൽ
തലതല്ലിപ്പിഞ്ചിപ്പോയതാണു
നീയൊരിക്കൽ വാരിപ്പുണർന്ന ഞാൻ
രാസലായനികളിൽ ശ്വാസം മുട്ടിയിട്ടും
നിന്റെ വിയർപ്പും ഗന്ധവും
വിട്ടുപോകാനാവുന്നില്ല
പഴന്തുണി കെട്ടിലിരുന്ന്
നിന്റെ കണ്ണീർ നനവുകൾ
ഒരാദ്യരാത്രിയുടെ ചിരി കേൾക്കുന്നുണ്ട്‌.

തടസ്സം ............


കവിതയിൽ
വേശ്യ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു മുല്ലപ്പൂമാല മഴയിൽ കുതിർന്ന്
ദുർഗ്ഗന്ധം പരത്തും
തെരുവ്‌ എന്നെഴുതേണ്ടി വരുമ്പോഴൊക്കെ
ഒരു തേങ്ങൽ വ ന്നെന്റെ
കണ്ണിൽക്കുത്തും
കവിതയിൽ കാമുകി
എന്നെഴുതിയാൽ
ഒരു കരിവണ്ടുവ ന്നെന്റെ
വിളക്കു കെടുത്തും
രാഷ്ട്രം എന്നോ സ്വാതന്ത്ര്യം എന്നോ
എഴുതുമ്പോഴെല്ലാം കൈകളിൽ
ഒരുതരം വിറയൽ വരും
യുദ്ധം.കുഞ്ഞുങ്ങൾ.
പൂവ്‌.പ്രാവ്‌.സമാധാനം
എന്നൊക്കെ എഴുതാൻ തുടങ്ങിയാൽ
ചില ജാമ്യതീയരൂപങ്ങൾ വ ന്നെന്നേ
പേടിപ്പെടുത്തും
കവിതയിൽ
പൗരുഷം എന്നെഴുതുമ്പോഴൊക്കെ
ഉണരാത്ത ഒരു തേരട്ട
എന്റെ ഉള്ളിൽകിടന്ന് പുളയ്ക്കും