Sunday, November 15, 2015

ലോകബാങ്കിനുള്ള ഒരു റിപ്പോർട്ട്‌

വിശപ്പുണ്ട്‌ വയറുന്തിയ
കുട്ടികളുടെ ഗ്രാമത്തിലാണു ഞങ്ങൾ
ഇത്തവണ പ്രകൃതിപഠന
ക്യാമ്പ്‌ നടത്തിയത്‌
ഓസ്സോൺ വിടവും മരങ്ങളും
എന്ന വിഷയത്തിൽ
മിത്രാ കുര്യൻ നടത്തിയ പ്രഭാഷണം
ആദിവാസ്സികൽക്ക്‌ നവ്യാനുഭവമായി
(അവർ വെൺ തേക്കിൻ കാടുകളിൽ അക്കേഷ്യാ തൈകൾ നടുന്നതിന്റെ ഫോട്ടോ ഇതോടൊപ്പം വയ്ക്കുന്നു)
എത്രതിന്നാലും വയർ നിറയാത്ത കുട്ടികൾ
വല്ലതും തിന്നാൻ കൊടുത്താൽ
നമ്മുടെ യൂക്കാലി മരങ്ങൾക്ക്‌
വെള്ളംകോരാമെന്ന് ഏറ്റിട്ടുണ്ട്‌
ആഗോള താപനം ആറ്റംബോംമ്പാണു
അതുകൊണ്ട്‌ ആദിവാസ്സികൾക്കിനി
സൗജന്യ റേഷനുപകരം
ഭാവിയിലെ മരവുരികൾക്കായി
മരവിത്തുകൾ നൽകുന്ന ഒരു പദ്ധതി
സംസ്ഥാന സർക്കാരുമായി
ഒപ്പ്‌ വെച്ചിട്ടുണ്ട്‌
തണുപ്പുകാലത്ത്‌ ആദിവാസ്സികൾ
മടിപിടിച്ച്‌ കൂരയിൽ ചൂരുണ്ടുകൂടുന്നത്‌
ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്‌
അതുകൊണ്ട്‌ ഗ്രാമത്തിൽ ഉണ്ടായിരുന്ന
ഏതാനം കമ്പിളിപുതപ്പുകൾ
ഞങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ട്‌.
അവസാന ദിവസം
മരത്തണലിലെ ബിരിയാണി
ഡോക്യുമെന്ററിയും പ്രദർശ്ശിപ്പിച്ചു.

No comments:

Post a Comment