Saturday, December 26, 2015

ശബ്ദം

നിശബ്ദത എന്ന
നിയമം കൊണ്ടവർ
നമ്മുടെ പാട്ടുക ളെ
വിലങ്ങണിയിക്കും

ശബ്ദം എന്ന
ലംഘനം കൊണ്ട്‌
നമുക്കൊരു
സംഘഗാനമാകണം.


കൈ മടക്കുകള്‍ മാത്രം തേച്ച പടുതിയില്‍
ഒരു യൂണിഫോം
----------------------

എല്ലാ പുലര്ച്ചയിലും
നീനാ ആന്‍ഡ്രൂസ്
ഞെട്ടി ഉണരുന്നത്
ഒരു ബസിന്റെ ഇരമ്പം
ഓര്‍ത്തിട്ടാണ്

രാത്രി വൈകി
ആന്‍ഡ്രൂസിച്ചായന്‍
സ്കൈപ്പു വഴിതന്ന ചുമ്പനം
മൂര്‍ദ്ധാവില്‍ വിങ്ങുന്നുണ്ട്

ശര വേഗത്തില്‍
അടുക്കളയില്‍ വഴങ്ങണം
പുതപ്പിനടിയില്‍ നിന്നും
പുറത്തേക്ക് നീണ്ട
കുഞ്ഞിക്കാലുകളില്‍
വട്ടമിടുന്നത്
ഈഡിസ്‌ കൊതുകാണോ ദൈവമേ.

സ്കൂള്‍ ബസ് എത്താറായി
എന്ന ഒറ്റ ഭീഷണിയില്‍
മക്കളുണരും
മെറിനാമിസ് പിച്ചി ഞെരുടിയ
യൂണിഫോം കൈകള്‍
തേച്ചു വെടിപ്പാക്കണം

ഇച്ചായന്‍ കുബ്ബൂസിനൊപ്പം കഴിച്ച
ഉള്ളിയുടെ നീരുവീണ്
നീനാ ആന്‍ഡ്രൂസിന്റെ
കണ്ണു നിറഞ്ഞു .

ഇരമ്പി നീങ്ങിയ
ബസിനുള്ളില്‍ നിന്നും
നൂറു കുഞ്ഞിക്കൈകള്‍
കണ്ണു തുടക്കാനെത്തുന്നു.


എതിര്‍ ദിശ
-------------
 
കണ്‍പോളയില്‍
ഒരു യുദ്ധത്തിന്‍റെ കനമുണ്ട്.
ഉണര്‍ന്നേ മതിയാകു.
എനിക്ക് മരിച്ചവന് വേണ്ടി മിണ്ടണം
എന്‍റെ ഭാഷ
അവരുടെ അച്ചുകള്‍ക്കൊത്തു വഴങ്ങുന്നില്ല.
എല്ലാ ഘടികാര സൂചികളും
അവരുടെ ദിക്കിലേക്ക് തിരിച്ചുവെച്ചാലും
ഞാന്‍ തെറ്റിയോടും.
എന്റെ വഴി എതിര്‍ ദിശയിലേക്കാണ്.

No comments:

Post a Comment